Kakkanad DLF Flat: Presence of coliform bacteria in samples tightens Public Health Act

കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളിൽ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക്ക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയിൽ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിൽ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ്യമാകാനുണ്ട്. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. ആതിനാൽ തന്നെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി വരുന്നു. ഇന്ന് മുതൽ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ളാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകൾ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി.

ഡി.എൽ.എഫ്. ഫ്‌ളാറ്റിൽ വയറിളക്ക രോഗബാധയെ തുടർന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കൽ ഓഫീസർ ഫ്‌ളാറ്റ് അസോസിയേഷന് നോട്ടീസ് നൽകി. 4095 നിവാസികളാണ് 15 ടവറുകളിലായി പ്രസ്തുത ഫ്‌ളാറ്റിൽ താമസിക്കുന്നത്.

നിലവിൽ പകർച്ചവ്യാധിയ്ക്കിടയാക്കിയ കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തുന്നതിനും കൃത്യമായ കാലയളവിൽ സൂപ്പർ ക്ലോറിനേഷൻ, അംഗീകൃത സർക്കാർ ലാബിൽ നിന്നുമുള്ള പരിശോധനകൾ എന്നിവ നടത്തി രേഖകൾ സൂക്ഷിക്കുവാനും പരിശോധനാധികാരികൾ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടിസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഫ്‌ളാറ്റുകളിൽ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷൻ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്‌ളാറ്റിൽ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നോട്ടീസ് മുഖേന നിർദ്ദേശം നൽകിയിട്ടുണ്ട്.

നാളിതുവരെ 492 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായതായി സർവ്വേ വഴി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രത്യേക സർവ്വേയും നടക്കുകയുണ്ടായി.

ചികിത്സയിലുള്ള രണ്ടു പേരിൽ നിന്ന് 2 സാമ്പിളുകൾ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേയ്ക്കും, എൻഐവി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. 3 കുടിവെള്ള സാമ്പിളുകൾ കൂടി ബാക്ടീരിയോളജിക്കൽ അനാലിസിസിന് വേണ്ടി ഇന്ന് പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജനറൽ ആശുപത്രി, എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികൾ എന്നിവയുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന കെ സ്ഥലം സന്ദർശിച്ച് അവലോകന യോഗം നടത്തി അടിയന്തിര നടപടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ജില്ലാ കളക്ടർ ഉമേഷ് എൻഎസ്‌കെയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അബ്ബാസ് വിവി, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ, സർക്കാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ വിശകലനം ചെയ്തു.

രോഗ വ്യാപനം തടയുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· കുടിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കുറഞ്ഞത് 5 മിനുട്ടെങ്കിലും വെള്ളം തിളപ്പിക്കണം. 20 മിനുട്ട് തിളപ്പിക്കുന്നതാണ് ഉത്തമം.
· ഫിൽറ്ററിൽ നിന്നുള്ള വെള്ളമാണെങ്കിലും തിളപ്പിച്ച് മാത്രമേ കുടിക്കാവൂ.
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകൾ ശുചിയാക്കി എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· സൂപ്പർ ക്ലോറിനേഷൻ ചെയ്ത് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമേ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കാവൂ
· ORS, Zinc എന്നിവ ആവശ്യമുള്ള ഫ്‌ളാറ്റ് നിവാസികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
· കൂടുതൽ സിങ്ക്, ഒ.ആർ.സ് എന്നിവ ആവശ്യമാകുന്ന പക്ഷം കാക്കനാട് കുടുംബാരോഗ്യകേന്ദ്രം കാക്കനാടുമായി ബന്ധപ്പെടാവുന്നതാണ്.