caps

* പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ
* ആശുപത്രിവാസത്തിന് മുന്‍പും ശേഷവും പരിരക്ഷ

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ് (KASP). സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.8 ലക്ഷം കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഇത്തരത്തില്‍ വിവിധ ചെലവുകള്‍ക്കായി ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോപദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രായപരിധിയോ കുടുംബാംഗങ്ങളുടെ എണ്ണമോ അര്‍ഹതയോ ഈ പദ്ധതിക്കു മാനദണ്ഡമല്ല. പദ്ധതിയില്‍ അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭിക്കും.

KASP പദ്ധതി കൂടാതെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കെ.ബി.എഫ് (കാരുണ്യ ബെനവലന്റ് ഫണ്ട്) പദ്ധതിയും നടപ്പാക്കിവരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റതവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാകും. പുതിയ പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് ഉടനടി ചികിത്സ സഹായം ലഭിക്കാന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിര്‍ണയിക്കുന്നതിന് വില്ലേജ് ഓഫീസര്‍ അനുവദിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ മാറ്റി റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് അര്‍ഹത നിശ്ചയിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയോജിത പദ്ധതിയായ ആര്‍.എസ്.ബി.വൈ, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ചിസ്, ആര്‍.എസ്.ബി.വൈ/ചിസ് കുടുംബങ്ങളിലെ 60 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ എസ്.ചിസ്, ലോട്ടറി വകുപ്പ് വഴി നടപ്പാക്കിയ ട്രസ്റ്റ് മോഡല്‍ പദ്ധതിയായ കരുണ്യ ബെനവലന്റ് ഫണ്ട് അഥവാ കെ.ബി.എഫ്, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.വൈ) എന്നിവയാണ് കാസ്പ് പദ്ധതിയുമായി സംയോജിപ്പിച്ചിരിക്കുന്നത്.

ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്ന് ദിവസം മുന്‍പുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) ഈ പദ്ധതിയിലൂടെ നല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

നിലവില്‍ കാസ്പ് എംപാനല്‍ ചെയ്ത ആശുപത്രികളിലെ കിയോസ്‌കുകളില്‍ നിന്ന് സ്‌കീമില്‍ അംഗമാകാം. സ്‌കീമില്‍ അംഗമായ വ്യക്തിയുടെ കാസ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഉപയോഗിച്ച് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സ്‌കീമില്‍ ചേരാനാകും. സേവനം നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ദിശയുടെ 1056/104 എന്ന നമ്പരിലോ 0471 2551056 എന്ന നമ്പരിലോ ബന്ധപ്പെടാം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ വെബ്‌സൈറ്റിലും (www.sha.kerala.gov.in) വിവരങ്ങള്‍ ലഭിക്കും.