ICMR praises Kerala's health sector Research project in collaboration with ICMR

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഐസിഎംആര്‍

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ടീം. ഐസിഎംആറിന്റെ ഇപ്ലിമെന്റേഷന്‍ ഗവേഷണ വിഭാഗം മേധാവിയായ ഡോ. ആഷു ഗ്രോവറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് അഭിനന്ദനം അറിയിച്ചത്. പൊതുജനാരോഗ്യരംഗത്തും വനിത ശിശു വികസന രംഗത്തും കേരളം നടത്തുന്ന പല പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളുടേയും യുവാക്കളുടേയും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രതിരോധത്തിനുമായുള്ള ദേശീയതല ഗവേഷണ പദ്ധതിയില്‍ കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഘം കേരളം സന്ദര്‍ശിച്ചത്. കേരള സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായിട്ടാണ് ഈ ഗവേഷണ പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യവും സാമൂഹിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യം, വനിതാ ശിശു വികസന വകുപ്പുകളുടെ പരിപാടികളെ കുറിച്ച് മന്ത്രി ഐസിഎംആര്‍ സംഘവുമായി ചര്‍ച്ച നടത്തി.