സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കും. മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവർത്തനങ്ങൾ, ചെറിയ അറ്റകുറ്റപണികൾ കാലതാമസമില്ലാതെ പരിഹരിക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തണം.
മെഡിക്കൽ കോളേജുകളുടെ സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് പദ്ധതി ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗുണനിലവാരം മെച്ചപ്പെടുത്താൻ പദ്ധതി നടപ്പിലാക്കി വരുന്നത്.
അത്യാഹിത വിഭാഗം മുതൽ ഗ്യാപ്പ് അനാലിസിസ് നടത്തി പോരായ്മകൾ പരിഹരിച്ച് സേവനം മെച്ചപ്പെടുത്തണം. അത്യാഹിത വിഭാഗത്തിൽ ട്രയാജ് സംവിധാനം നടപ്പിലാക്കണം. ജീവനക്കാരുടെ കുറവുകൾ പരിഹരിച്ച് സുരക്ഷിതവും രോഗീസൗഹൃദമായ അന്തരീക്ഷം ഉറപ്പാക്കണം. ലാബുകളുടെ പ്രവർത്തനം മികച്ചതാക്കണം. ഉപകരണങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുകയും കൃത്യസമയത്ത് കേടുപാടുകൾ തീർക്കുകയും വേണം. ഡ്യൂട്ടി സമയത്ത് ജീവനക്കാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. സ്കാനിംഗ് സംവിധാനവും റേഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണം. എല്ലാവരും കാഷ്വാലിറ്റി പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രോഗീപരിചരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്ത് പരിഹാരം തേടുന്നതിന് നടപടി സ്വീകരിക്കണം. ഗവേഷണം പ്രോത്സാഹിപ്പിക്കണം.
28.10.2021ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയതിനെ തുടർന്നാണ് ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്വേറ്റീവ് ആരംഭിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, എമർജൻസി മെഡിസിൻ വിഭാഗം മേധാവി അല്ലെങ്കിൽ കാഷ്വാലിറ്റി വിഭാഗം മേധാവി എന്നിവരുൾപ്പെടെ രണ്ടോ മൂന്നോ വകുപ്പ് മേധാവികൾ ചേർന്നുള്ള സ്ഥാപനതലത്തിലെ ഇംപ്ലിമേന്റേഷൻ കമ്മിറ്റിയാണ് ഇത് നടപ്പിലാക്കുന്നത്. മറ്റ് മെഡിക്കൽ കോളേജുകളിലെ രണ്ട് ഡോക്ടർമാരും കമ്മിറ്റിയിലുണ്ടാകും. കൂടാതെ സംസ്ഥാനതല കമ്മിറ്റി അംഗങ്ങൾ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് മാർഗനിർദേശം നൽകി വരുന്നു. മെഡിക്കൽ കോളേജുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനായി ദേശീയ ഗുണനിലവാര സർട്ടിഫിക്കേഷനുകളില്ലാത്ത സ്ഥാപനങ്ങൾക്ക് അവ നേടിയെടുക്കാനുള്ള നടപടികൾ സ്വികരിക്കും.