AMR in all blocks. Kerala became the first state to establish the committee

എല്ലാ ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 191 ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് നടപ്പാക്കുന്ന സംവിധാനമാണ് എ.എം.ആർ. കമ്മറ്റികൾ.

ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ഇവയെ പുറത്താക്കാൻ ഉപയോഗിക്കുന്ന മാർഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ. കാലക്രമത്തിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്. ആന്റിബയോട്ടിക്കിനു പോലും പിടിച്ചുനിർത്താനാവാത്ത രോഗങ്ങൾ മൂലം പ്രതിവർഷം ലോകത്ത് 7 ലക്ഷം പേർ മരണമടയുന്നതായാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത്തരം മരണങ്ങളുടെ എണ്ണം ഒരുകോടിയോളമാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ AMR കമ്മറ്റികൾ രൂപീകരിച്ചത്.

ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാനാണ് പ്രത്യേക ദ്രുതകർമ പദ്ധതി ആവിഷ്കരിച്ചത്