എല്ലാ ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
കാർസാപ്പ് 2022 റിപ്പോർട്ട് പുറത്തിറക്കി
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 191 ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റികൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബ്ലോക് ലെവൽ എ.എം.ആർ. കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും, ഊർജിതപ്പെടുത്തുന്നതിനും വേണ്ടി ഉടൻ സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും. ഇത്തരത്തിൽ കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കി മാറ്റുകയാണ് ലക്‌ഷ്യം.
കാർസാപ്പ് 2022ന്റെ റിപ്പോർട്ട് പുറത്തിറക്കി. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയുവാനും അതിനനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമാണ് 2022ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി വിലയിരുത്തപ്പെട്ടു. മതിയായ കുറിപ്പടികൾ ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുവാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് ശക്തമാക്കാൻ നിർദേശം നൽകി. അതിനുപുറമേ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുന്ന രീതികളെക്കുറിച്ചും ചർച്ച നടന്നു.
മത്സ്യകൃഷി, കോഴി വളർത്തൽ, മൃഗപരിപാലനം എന്നിവയിൽ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തിൽ ചർച്ചയായി. എല്ലാവരും ചേർന്നുള്ള സംയോജിത പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉയർന്നുവന്നു. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിൽ കൂടുതലായി അശാസ്ത്രീയമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.
ആന്റിബയോട്ടിക് സാക്ഷര കേരളത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജതപ്പെടുത്തുന്നതിനായി മലയാളത്തിലുള്ള നിർദ്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ എ.എം.ആർ. ബുക്ക്, ബ്ലോക്ക് എ.എം.ആർ. കമ്മിറ്റികളും ജില്ലാ എ.എം.ആർ. കമ്മിറ്റികളും വഴി പൊതുജനങ്ങൾക്ക് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മലയാളത്തിലുള്ള ലഘുലേഖകളും പ്രകാശനം ചെയ്തു.