The Health Department has issued an order The government has kept its manifesto promise

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ യാഥാർത്ഥ്യത്തിലേക്ക്

ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് സർക്കാർ

സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. 40 ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്.

35 ഗ്രാമ പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലുമാണ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്. മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് ജില്ലയിലെ അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടൽ, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ജില്ലയിലെ ഏലൂർ, കളമശേരി എന്നീ മുൻസിപ്പാലിറ്റികളിലുമാണ് പുതുതായി ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്.

ഹോമിയോ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 600 ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററുകളാക്കി പരിവർത്തനം ചെയ്തതിൽ 240 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. കൂടാതെ പുതുതായി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററുകളായി അംഗീകാരം ലഭിച്ച 100 എണ്ണത്തിൽ 40 എണ്ണം ഹോമിയോ സ്ഥാപനങ്ങളാണ്. ആയുഷ് മേഖലയിൽ അടുത്തിടെ 150 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു. അതിൽ 65 എണ്ണം ഹോമിയോ വിഭാഗത്തിന്റേതാണ്. ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ഏകോപിപ്പിക്കാനായി ഹാർട്ട് പദ്ധതി നടപ്പിലാക്കി. അടൂരിൽ ഹോമിയോ മാതൃ ശിശു ആശുപത്രിയ്ക്കായുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലയളവിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്ത് ഹോമിയോപ്പതി വിഭാഗം ശ്രദ്ധനേടിയിരുന്നു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി, നാച്യുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ‘ആയുഷ്മാൻ ഭവ’, സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ‘സീതാലയം’, വന്ധ്യതാ നിവാരണ പദ്ധതിയായ ‘ജനനി’, കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ‘സദ്ഗമയ’, ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ ‘പുനർജനി’, ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ ഫ്‌ളോട്ടിങ് ഡിസ്‌പെൻസറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുർഘട മേഖലകളിൽ അധിവസിക്കുന്നവർക്കായി മൊബൈൽ ഹോമിയോ ക്ലിനിക്കുകൾ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികൾ വകുപ്പ് നടത്തി വരുന്നു.