Master Plan for Comprehensive Development of Idukki Medical College

ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ

ഇടുക്കി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉന്നതതല യോഗം ചേർന്നു. ഇതിനായി എസ്.പി.വിയെ ചുമതലപ്പെടുത്തണം. മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 50 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റനുബന്ധ പരിശോധനകളും നടത്തണം. ഇക്കാര്യങ്ങൾ ജില്ലാ കളക്ടർ ഉറപ്പ് വരുത്തണം. എം.പി. ഫണ്ടിൽ നിന്നും അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡ്യുലാർ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കുന്നതാണ്. മോഡ്യുലാർ ലാബ് എത്രയും വേഗം സജ്ജമാക്കാൻ കെ.എം.സി.എൽ.ന് നിർദേശം നൽകി.

ചെറുതോണി ബസ് സ്റ്റാന്റ് മുതൽ ഇടുക്കി മെഡിക്കൽ കോളേജ് വരെയുള്ള റോഡ് നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. പുതിയ ആശുപത്രി ബ്ലോക്കിന്റെ സിവിൽ, മെക്കാനിക്കൽ, ഇലട്രിക്കൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കണം. മെഡിക്കൽ കോളേജിനുള്ളിലെ റോഡുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കണം.

ലേഡീസ് ഹോസ്റ്റലിന്റെ നിർമ്മാണം ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ നിർദേശം നൽകി. ചുറ്റുമതിൽ നിർമ്മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡർ ലൈൻ സ്ഥാപിക്കുന്നതാണ്. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കണം. ഭാവിയിൽ നഴ്‌സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആലോചിക്കണം. ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും ഹാജർ കൃത്യമായി ഉറപ്പ് വരുത്താൻ നിർദേശം നൽകി.