ആർദ്രം സ്‌ക്രീനിംഗ് രണ്ടാംഘട്ടത്തിലേക്ക്; വിവരശേഖരണത്തിന് ശൈലി 2.0
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് കൂടുതൽ മാറ്റങ്ങളോടെ രണ്ടാംഘട്ടത്തിലേക്ക്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂർത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തീകരിച്ചതിൽ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇതിനായി പരിഷ്ക്കരിച്ച ശൈലി 2.0 ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.
ശൈലി ആപ്പിലൂടെയുള്ള വിവരശേഖരണത്തിലൂടെ ഓരോ പ്രദേശത്തെയും ആരോഗ്യ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാകും. ഇതുവഴി പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാർത്ഥകണക്ക് ലഭ്യമാകും. ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഇത് ഏറെ സഹായിക്കും. ആദ്യഘട്ടത്തിലെ സ്‌ക്രീനിംഗ് റിപ്പോർട്ട് അനുസരിച്ച് 18.14(27,80,639) ശതമാനം പേർക്കെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധയിൽ 6,26,530 പേർക്ക് പുതുതായി രക്താതിമർദവും 55.102 പേർക്ക് പുതുതായി പ്രമേഹവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പരിശോധന നടത്തിയ മൂന്നിൽ ഒരാൾക്ക് രക്താതിമർദം ഉണ്ടെന്നാണ് ഒന്നാംഘട്ട സർവേയിലൂടെ കണ്ടെത്തിയത്. രോഗം, ചികിത്സ എന്ന രീതിയിൽ നിന്നുമാറി ആരോഗ്യം, സൗഖ്യം എന്നീ ആശയത്തിന് പ്രചാരണം നൽകുന്ന പ്രവർത്തനങ്ങളുമായാണ് ആർദ്രം മിഷൻ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.