ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

 കേരളത്തിലെ 1280-ഓളം വരുന്ന എല്ലാ പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ദുരന്ത ആഘാതം ഒഴിവാക്കുന്നതിനുമായി ആശുപത്രി സുരക്ഷ പദ്ധതി (Hospital Safety Plan) തയ്യാറാക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മെയ് 21ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ആരോഗ്യ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് യോഗം ചേര്‍ന്നത്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷാ പദ്ധതിയ്ക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് ചേര്‍ന്ന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ക്കായി തുക അനുവദിച്ചിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ട് നീങ്ങുന്നു. ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി തയ്യാറാക്കപ്പെടും. ഈ സുരക്ഷ പദ്ധതി മുഖേനെ കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും നേരിട്ടേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ദുരന്ത സാധ്യതാ പ്രശ്നങ്ങളെ മനസിലാക്കുകയും അവയെ തരംതിരിച്ചു അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തീരുമാനിക്കാവുന്നതുമാണ്.

അതത് സ്ഥലങ്ങളില്‍ അടിയന്തരമായി ഇടപെടാന്‍ കഴിയുന്ന കാര്യങ്ങള്‍ അവിടെ തന്നെയും അതിനപ്പുറമുള്ളവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെയും പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനപ്പുറം വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പില്‍ ചരിത്രത്തിലാദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി. പോലീസും, ഫയര്‍ഫോഴ്‌സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം.