ആരോഗ്യ സ്ഥാപനങ്ങളിൽ കൃത്യമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കികൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും പ്രത്യേക പരിപാടികളും ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണത്തിനും ഊർജ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദങ്ങളായ നിർമ്മാണ പ്രവർത്തനങ്ങൾക്കുമെല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. #BeatPlasticPollution എന്ന ക്യാമ്പയിനിലൂടെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ തേടുകയും നടപ്പിലാക്കുകയും അവയെകുറിച്ചുള്ള ബോധവവൽക്കരണവും ലക്ഷ്യമിട്ടുള്ളതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ദോഷകരമാണെന്നുള്ള കാര്യം ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മൈക്രോ പ്ലാസ്റ്റിക്കുകൾ ശ്വസിക്കുന്ന വായുവിലൂടെയും ചർമത്തിലൂടെയും ആഗീരണം ചെയ്യപ്പെടുവാനും അങ്ങനെ ശരീരത്തിൽ പ്രവേശിക്കുവാനും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുവാനും ഇടയാക്കും. വന്ധ്യത, പൊണ്ണത്തടി, പ്രമേഹം, സ്തനാർബുദം, തൈറോയ്ഡ് പ്രശ്‌നങ്ങൾ, പ്രോസ്റ്റേറ്റ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.