National Digital Transformation Award for Ashaadhara project

ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 സംസ്ഥാന ആരോ​ഗ്യവകുപ്പിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി ആവിഷ്‌ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേർന്ന് ലഡാക്കിൽ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് പോർട്ടൽ വികസിപ്പിച്ചത്. രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.

ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.