* വണ്‍ ഹെല്‍ത്ത്
* വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി
* കാന്‍സര്‍ നിയന്ത്രണ പദ്ധതി

ആര്‍ദ്രം മിഷന്‍ വിജയകരമായി ഒന്നാംഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക്. എല്ലാവര്‍ക്കും താങ്ങായി പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആര്‍ദ്രം മിഷന്റെ ലക്ഷ്യം. രോഗം, ചികിത്സ എന്ന രീതിയില്‍ നിന്നുമാറി ആരോഗ്യം, സൗഖ്യം എന്നീ ആശയത്തിന് പ്രചാരണം നല്‍കുകയാണ് ആര്‍ദ്രം മിഷന്‍. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തുകയുമാണ് രണ്ടാംഘട്ടത്തില്‍. രണ്ടാംഘട്ടത്തില്‍ 10 പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ മൂന്ന് പദ്ധതികള്‍ക്ക് തുടക്കമായി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയാണവ.

ഇന്ത്യയില്‍ ആദ്യമായി വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി രോഗപ്രതിരോധമാണ് വണ്‍ ഹെല്‍ത്തിലൂടെ ലക്ഷ്യമിടുന്നത്. ജന്തുജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ച പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് വണ്‍ ഹെല്‍ത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യം നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കും.

ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുന്ന പദ്ധതിയാണ് പോപ്പുലേഷന്‍ ബേസ്ഡ് സ്‌ക്രീനിംഗ് അഥവാ വാര്‍ഷിക ആരോഗ്യ പരിശോധന. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജിവിതശൈലീ രോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ചുമുള്ള വിവരശേഖരണം ആശാവര്‍ക്കര്‍മാര്‍ നടത്തും. ഇതിനായി ഇ-ഹെല്‍ത്ത് മുഖേന ശൈലി എന്ന ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. വിവരശേഖരണം നടത്തി കഴിയുമ്പോള്‍തന്നെ ആ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകും. ഇതിലൂടെ പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള ജിവിതശൈലീ രോഗങ്ങളുടെ യഥാര്‍ത്ഥകണക്ക് ലഭ്യമാകും. ആരോഗ്യ പദ്ധതികളുടെ ആസൂത്രണത്തിനും ചികിത്സയ്ക്കും ഇത് ഏറെ സഹായകരമാകും.

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് കാന്‍സര്‍ നിയന്ത്രണ പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തോടെ കാന്‍സര്‍ സെന്ററുകളുടേയും ആശുപത്രികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശാസ്ത്രീയമായ അവബോധം നല്‍കി കാന്‍സര്‍ കുറച്ച് കൊണ്ടുവരിക, കാന്‍സര്‍ പ്രാരംഭദിശയില്‍ കണ്ടെത്താന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കുക, കാന്‍സര്‍ സെന്ററുകളേയും, മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളേയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

2016ലാണ് ആര്‍ദ്രം മിഷന്‍ സംസ്ഥാനത്ത് നടപ്പാക്കിയത്. കേരളത്തിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, സേവനം മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കിയത്. ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതും ന്യായമായ ചെലവിലും സമയത്തിലും സംതൃപ്തിയിലും ചികിത്സ നല്‍കുന്നതും മിഷന്റെ ലക്ഷ്യമായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യകേന്ദ്രങ്ങളായി മാറ്റി മതിയായ മരുന്ന് വിതരണം, ഉറപ്പായ പ്രോട്ടോക്കോളുകള്‍ എന്നിവയിലൂടെ ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തി പൊതുജനാരോഗ്യവ്യവസ്ഥയില്‍ വിശ്വാസം ഉറപ്പാക്കികൊണ്ടാണ് ആരോഗ്യ വകുപ്പ് ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.