ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി ജനറൽ ആശുപത്രിയിൽ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ്
കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി ആരംഭിക്കുന്നത്. ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ കോർണിയ തകരാറിലായവർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് കാഴ്ച പുനസ്ഥാപിക്കാൻ സഹായകരമാണ് കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നത്.
നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താൻ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്‌നമുള്ള സ്‌കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും സൗജന്യമായി കണ്ണട വാങ്ങി നൽകി വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ, വർധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോൺ മിഡ്രിയാറ്റിക് ക്യാമറകൾ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാണ്.