* വീട്ടില്‍ ഡയാലിസിസ്
* സൗജന്യ ഹീമോഫീലിയ, സ്ട്രോക്ക് ചികിത്സ
വിവിധ ജീവിത ശൈലി രോഗങ്ങളാലും പാരമ്പര്യ രോഗങ്ങളാലും ബുദ്ധിമുട്ടുന്നവരാണ് കേരളത്തിലുളളവര്‍. ചികിത്സാ ചെലവ് താങ്ങാനാവാതെയും, അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കുള്ള യാത്രാസമയവും ചിലയിടങ്ങളിലെങ്കിലും പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമായാണ് ആരോഗ്യ വകുപ്പ് വീടുകളില്‍ സൗജന്യ ഡയാലിസിസ് ചികിത്സ, ആശുപത്രികളില്‍ സൗജന്യ ഹിമോഫീലിയ ചികിത്സ, ജില്ലകളില്‍ സ്ട്രോക് ചികിത്സ എന്നിവ നടപ്പാക്കി വരുന്നത്.
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചു. ശരീരത്തിനുള്ളില്‍ വെച്ചുതന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ഏറെ ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുമുള്ള ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. ബാക്കി 3 ജില്ലകളില്‍ ഉടന്‍ ആരംഭിക്കും.
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രതിമാസം 36,000 മുതല്‍ 39,000 ഡയാലിസിസുകളാണ് നടത്തുന്നത്. താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളിലും ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് നടത്തുന്നുണ്ട്. 92 ആശുപത്രികളിലായി 937 ഡയാലിസിസ് മെഷീനുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ഹീമോഫീലിയ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആദ്യഡോസ് മരുന്ന് നല്‍കിയശേഷം ആവശ്യമെങ്കില്‍ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിലേക്കോ, മെഡിക്കല്‍ കോളേജിലേക്കോ വിദഗ്ധ ചികിത്സയ്ക്കായി റഫറല്‍ ചെയ്യും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് ആവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി രോഗിയുടെ ഭാരം, ഏത് തരത്തിലുള്ള രക്തസ്രാവം എന്നിവ പരിഗണിച്ച് ഒരു ഡോസ് മരുന്ന് രോഗിയുടെ കൈവശം കൊടുത്ത് വിടുന്നതിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നല്‍കിയിട്ടുള്ള മരുന്നുകള്‍ ഒരു യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ഉപയോഗിക്കുന്നതെന്ന് രോഗി ഉറപ്പ് വരുത്തണം.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോകോള്‍ ആധാരമാക്കിയാണ് ഹീമോഫീലിയ രോഗികളില്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് രക്തസ്രാവം ഉണ്ടാകുന്ന സമയത്തും സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. കുട്ടികളുടെ പ്രൊഫൈലാക്‌സിസ് ചികിത്സ ഡിസ്ട്രിക് ഡേ കെയര്‍ സെന്റര്‍ മുഖാന്തരം മാത്രമാണ് ലഭ്യമാക്കുക. ഇത് കൂടാതെ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ഹീമോഫീലിയ ക്ലിനിക്കുകള്‍ ജില്ലാ ഡേ കെയര്‍ സെന്റര്‍, ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ മുഖാന്തരവും നടത്തും. എല്ലാ രോഗികളും മാസത്തില്‍ ഒരിക്കല്‍ ഈ ക്ലിനിക്കുകളില്‍ പങ്കെടുത്ത് പരിശോധനകള്‍ നടത്തി തങ്ങളുടെ ആരോഗ്യനിലവാരം ഉറപ്പാക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയും സ്ഥിരമായി തെറാപ്പികള്‍ സ്വീകരിക്കുകയും ചെയ്യാം.
അധികദൂരം യാത്ര ചെയ്യാതെ സ്വന്തം ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം പത്ത് ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കി. ബാക്കിയുള്ള ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതോടെ പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ ആശുപപത്രികളിലും സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കി വരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ സ്‌ട്രോക്ക് ഐസിയു, ത്രോമ്പോലൈസിസ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യ വകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ലാ ആശുപത്രികളിലും ലഭ്യമാക്കി വരുന്നു.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ വിന്‍ഡോ പീരിഡായ നാലര മണിക്കൂറിനുള്ളില്‍ സ്‌ട്രോക്ക് ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റുകള്‍ വരുന്നതോടെ ആ ജില്ലകളില്‍ തന്നെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നു. ചികിത്സ എല്ലാവരിലേക്കും വൈകാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പിന്റെ ഓരോ ചുവടും.