'Health is Joy - Let's Get Rid of Cancer', a popular campaign to prevent cancer

‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ കാൻസർ പ്രതിരോധമൊരുക്കാൻ  ജനകീയ ക്യാമ്പയിൻ

സംസ്ഥാനത്ത് കാൻസർ പ്രതിരോധം ഉറപ്പാക്കി അതിനൂതനമായ ചികിത്സ സംവിധാനങ്ങളുടെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെ ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന പേരിൽ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ച് ആരോഗ്യ വകുപ്പ്. കേരളത്തിലെ സർക്കാർ, സ്വകാര്യ,സഹകരണ മേഖലകൾ,സന്നദ്ധ പ്രവർത്തകർ, സംഘനടകൾ, പൊതുസമൂഹം തുടങ്ങിയ എല്ലാവിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 മുതൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാമ്പയിനാണ് ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’

നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായി ശൈലി ആപ്പ് വഴി ആരോഗ്യവകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 9 ലക്ഷത്തോളം പേർക്ക് കാൻസർ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ 1.5 ലക്ഷം പേർ മാത്രമാണ് തുടർപരിശോധനയ്ക്ക് സന്നദ്ധരായത്. പല കാൻസർ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സ തേടുന്നത്. അർബുദങ്ങളിൽ പലതും നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നവയാണ് എന്നാൽ കാൻസർ രോഗത്തോടുള്ള ഭീതിയും ആശങ്കയും ആളുകളെ ചികിത്സതേടുന്നതിൽ നിന്ന് പിൻവലിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനായി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ ക്യാമ്പയിന് തുടക്കമിടുന്നത്.

എന്തുകൊണ്ട് ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ ക്യാമ്പയിൻ?

മനുഷ്യരെ ആഴത്തിലുള്ള അവശതയിലേക്ക് തള്ളിവിടുകയും കടുത്ത മാനസിക – സാമ്പത്തിക സമ്മർദ്ദത്തിന് ഇടയാക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ക്യാൻസർ. തുടക്കഘട്ടത്തിൽ കണ്ടെത്തിയാൽ കാൻസറിനെ പൂർണമായും ശമിപ്പിക്കാം. മാത്രമല്ല, ശാസ്ത്രീയമായ ചികിത്സയിലൂടെ രോഗബാധിതർ ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാനാകും. അതിനായി, മുൻകൂട്ടി രോഗനിർണയ സംവിധാനങ്ങൾ ഒരുക്കുകയും രോഗസാധ്യതയുള്ള വ്യക്തികളെ അവയിൽ ഉൾപ്പെടുത്തുകയും വേണം. അപകട സാധ്യത ഘടകങ്ങളെ നിയന്ത്രിച്ചുകൊണ്ട് കഴിയുന്നത്ര അർബുദബാധകൾ തന്നെ തടയുക, അഥവാ ഉണ്ടായാൽ അവ എത്രയും വേഗം കണ്ടെത്തുക, കണ്ടെത്തിക്കഴിഞ്ഞാൽ എത്രയും വേഗം ശാസ്ത്രീയമായ ചികിത്സ നൽകുക എന്ന മൂന്ന് ഘട്ടങ്ങളിലൂടെ മാത്രമേ അർബുദ പ്രതിരോധം സാധ്യമാകു. ഈ പ്രതിരോധ പ്രവർത്തനങ്ങൾ കുടുതൽ ശക്തമാക്കി അർബുദത്തെ അകറ്റിനിർത്തി ആരോഗ്യത്തിലൂടെ ആനന്ദകരമായ ജീവിതം എന്ന ലക്ഷ്യമാണ് ക്യാമ്പയിൻ മുന്നോട്ട് വയ്ക്കുന്നത്.

ആദ്യഘട്ടം സ്ത്രീകൾക്ക്

ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ആദ്യഘട്ടം സ്ത്രീകൾക്ക് വേണ്ടിയാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 4 മുതൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 വരെയാണ് ആദ്യഘട്ടം. സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗളാർബുദം (സെർവിക്കൽ ക്യാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിംഗ്, പരിശോധന, ചികിത്സയും ഉറപ്പാക്കുകയാണ് ഈ ഘട്ടത്തിൽ. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കാൻസറുകളിൽ 11.5% ശതമാനവുമായി രണ്ടാം സ്ഥാനത്തും ഇന്ത്യയിൽ 13.5% നിരക്കിൽ ഒന്നാമതും ആണ സ്തനാർബുദം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതും എന്നാൽ വൈകിയാൽ ജീവന് തന്നെ അപകടം സംഭവിക്കാവുന്നതുമായ മറ്റൊരു പ്രധാന കാൻസറാണ് ഗർഭാശയമുഖ കാൻസർ. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും സാധിക്കുന്നതാണ്.

ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകളിലെ അർബുദ സാധ്യതകൾ പരിശോധിക്കുന്നതിന് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിങ്ങനെ സംസ്ഥാനത്തെ 855 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്‌ക്രീനിംഗിനുള്ള സൗകര്യങ്ങൾ തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് സാധ്യമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള കാൻസർ സ്‌ക്രീനിംഗ് ക്യാമ്പുകളും ക്യാമ്പയിന്റെ ആദ്യഘട്ടത്തിലുണ്ടാകും.ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായും എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലുമാണ് പരിശോധന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.

വ്യക്തിഗതമായും സാമൂഹികമായും ശക്തമായ പ്രതിരോധ നടപടികളിലൂടെ കാൻസർ എന്ന മഹാമാരിയെ ഒഴിവാക്കുകയെന്ന ജനകീയനീക്കമാണ് ആരോഗ്യം ആനന്ദം- അകറ്റാം അർബുദം എന്ന ക്യാമ്പയിൻ. അർബുദ രോഗത്തോടുള്ള ഭീതിയും അനാവശ്യമായ തെറ്റിധാരണയും ഒഴിവാക്കി മുൻകരുതലുകൾ സ്വീകരിക്കാനും പ്രാഥമിക ഘട്ടങ്ങളിൽ രോഗനിർണയം ഉറപ്പാക്കാനും ക്യാമ്പയിൻ ജനങ്ങളെ ബോധവത്ക്കരിക്കുന്നു. നേരത്തെ കണ്ടെത്തിയാൽ കാൻസർ രോഗബാധിതർക്ക് രോഗം ഭേദമാകുകയും ആരോഗ്യമുള്ള ഒരു ജീവിതം കൈവരിക്കാനാവുകയും ചെയ്യുമെന്ന് ഓർത്തുകൊണ്ട്, കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യസമ്പന്നമായ സമൂഹം സൃഷ്ടിക്കാൻ ക്യാമ്പയിനിലൂടെ ബോധവത്ക്കരണത്തിനൊപ്പം ആരോഗ്യവകുപ്പ് ചികിത്സാ സൗകര്യങ്ങൾ ഊർജിതമാക്കുകയാണ്.