'Operation Amrit' to prevent overuse of antibiotics

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ‘ഓപ്പറേഷൻ അമൃത്’

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health ) ആരംഭിക്കുന്നു . ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ അമൃത് ആരംഭിക്കുന്നത്. ‘ഓപ്പറേഷൻ അമൃത്’ ന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരിട്ടും നേരിട്ടും പൊതുജന പങ്കാളിത്തത്തോടെയുമാണ് പരിശോധനകളും ബോധവത്കരണവും മറ്റു പ്രവർത്തങ്ങളും നടത്തുന്നത്. ഓപ്പറേഷന്റെ ഭാഗമായി കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം നൽകാം. ഡ്രഗ്‌സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കുകയും ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ് . ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന ഫാർമസികൾക്കും മെഡിക്കൽ സ്റ്റോറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിക്കാതിരിക്കുന്നതിനുള്ള അവബോധവും ഇതിന്റെ ഭാഗമായി നൽകുന്നുണ്ട്

സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും . ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും ഇല്ലാതാക്കുന്നതിനുമായി ശക്തമായ പ്രവർത്തനം ആരംഭിക്കുന്നത്.