WHO to provide technical support for first-ever Tribal Health Action Plan

ആദ്യമായി പുറത്തിറക്കുന്ന ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാനിന് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായം നൽകും

കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകൾക്ക് പിന്തുണ

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകൾക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) പ്രതിനിധികൾ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ ഇക്കാര്യമറിയിച്ചത്.

ആദ്യമായി സംസ്ഥാന തലത്തിൽ വികസിപ്പിക്കുന്ന ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാനിന് വേണ്ട സാങ്കേതിക സഹായം ലോകാരോഗ്യ സംഘടന നൽകുമെന്ന് പ്രതിനിധികൾ അറിയിച്ചു. ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാണ് ട്രൈബൽ ഹെൽത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനതല ശിൽപശാല നടത്തിയാണ് ഇതിന് രൂപം നൽകിയത്.

കുട്ടികളുടെ ആരോഗ്യത്തിനായി കേരളം നടത്തുന്ന പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അഭിനന്ദിച്ചു. നവജാതശിശുക്കളുടെ മരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. മാത്രമല്ല ഇത് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതുമാണ്.

കേരളം കുട്ടികളുടെ ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം മന്ത്രി വീണാ ജോർജ് വിവരിച്ചു. പ്രസവം നടക്കുന്ന ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കി ദേശീയ നിലവാരത്തിലേക്ക് ഉയർത്തി. രാജ്യത്ത് ആദ്യമായി മാതൃ ശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പിലാക്കി. പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയർത്തി വരുന്നു. 12 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. കുഞ്ഞുങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് 3 ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരം ലഭിച്ചു. കുഞ്ഞുങ്ങളുടെ ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സ്‌ക്രീനിംഗ് പ്രോഗ്രാം നടപ്പിലാക്കി. തിരുവനന്തപുരം എസ്.എ.ടി.യിൽ ആദ്യമായി ജനറ്റിക്‌സ് വിഭാഗവും ഫീറ്റൽ മെഡിസിൻ വിഭാഗവും ആരംഭിച്ചു. ഹൃദ്യം പദ്ധതിയിലൂടെ 7900ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തി. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി കെയർ പദ്ധതി ആദ്യമായി നടപ്പിലാക്കി. ഇത് കൂടാതെയാണ് ആദിവാസി മേഖലയ്ക്ക് മാത്രമായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് സിംസ്റ്റം സ്‌ട്രെന്തനിംഗ് ടീം ലീഡർ ഡോ. ഹിൽഡെ ഡിഗ്രിവ്, ഇന്റഗ്രേറ്റഡ് ഹെൽത്ത് സിസ്റ്റംസിലെ ഡോ. ദിലീപ് മെയ്‌രാംബം, ട്രൈബൽ ഹെൽത്ത് നാഷണൽ ഓഫീസർ ഡോ. പ്രദീഷ് സിബി, എൻ.എച്ച്.എം. ചൈൽഡ് ഹൈൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.