Proudly Again: The Best Family Health Center in the Country in Kerala

അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തിൽ

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ (എൻക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോർ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഡൽഹിയിൽ നടന്ന ആയുഷ്മാൻ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണൽ ഈവന്റിൽ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറൻസ് ഓഫീസർമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.