2.27 crore for advanced equipment at Apex Trauma Training Centre

അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമർജൻസി ലേണിഗ് സെന്ററിന് (എ.ടി.ഇ.എൽ.സി.) നൂതന ഉപകരണങ്ങൾ വാങ്ങാൻ 2.27 കോടി രൂപ അനുവദിച്ചു. വിവിധ തരം ഫുൾ ബോഡി ഹൈ ഫിഡലിറ്റി സിമുലേറ്ററുകൾ വാങ്ങുന്നതിനാണ് തുകയനുവദിക്കുന്നത്. മനുഷ്യന് സമാനമായിട്ടുള്ള ഇത്തരം മാനികിനുകളുടെ സഹായത്തോടെ ലോകോത്തര വിദഗ്ധ പരിശീലനം സാധ്യമാകുന്നതാണ്. സിമുലേഷൻ ടെക്‌നോളജിയിലൂടെ അപകടങ്ങളാലും രോഗങ്ങളാലും ഉണ്ടാകുന്ന വിവിധ സന്ദർഭങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്‌ക്കരിച്ച് വിദഗ്ധ പരിശീലനം ലഭ്യമാക്കാൻ സാധിക്കും. ഇത് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സഹായകരമാകും.

ഒരാൾ അപകടത്തിൽപ്പെട്ടാൽ ഗോൾഡൻ അവറിനുള്ളിൽ അയാളെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനായി അപെക്‌സ് ട്രോമ & എമർജൻസി ലേണിംഗ് സെന്റർ ആരംഭിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കായി വിവിധ തരം എമർജൻസി & ട്രോമ അനുബന്ധ കോഴ്‌സുകളാണ് ഈ സെന്ററിൽ നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കേന്ദ്രത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, സിമുലേഷൻ ലാബുകൾ, ഡീബ്രീഫിങ്ങ് റൂമുകൾ എന്നിവ സജ്ജമാണ്.