40 children suffering from rare diseases were given free medicine

അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി

ഇന്ത്യയിൽ ആദ്യ സംരംഭം ആരംഭിച്ചിട്ട് ഒരു വർഷം

സെന്റർ ഓഫ് എക്‌സലൻസ് വഴി 3 കോടി ലഭ്യമായി; 153 കുട്ടികൾ രജിസ്റ്റർ ചെയ്തു

അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നൽകിയത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൂലൈ 16 മുതൽ അപൂർവ രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി അസുഖത്തിന് ഇത്തരത്തിൽ സർക്കാർ തലത്തിൽ മരുന്ന് നൽകി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സർക്കാർ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മേഖലകളായി തിരിച്ച് തിരുവന്തപുരം എസ്.എ.ടി. ആശുപത്രി വഴിയും കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയത്.

എസ്.എ.ടി. ആശുപത്രിയെ സെന്റർ ഓഫ് എക്‌സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേർക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി 3 കോടി രൂപ ലഭ്യമായിട്ടുണ്ട്. സെന്റർ ഓഫ് എക്‌സലൻസ് വഴി അപൂർവ രോഗങ്ങളുള്ള 153 പേർ രജിസ്റ്റർ ചെയ്തു. സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി വഴി ടെക്‌നിക്കൽ കമ്മിയുടെ പരിശോധനയും മാർഗനിർദേശ പ്രകാരവും അർഹരായ രോഗികൾക്ക് അതത് ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുകൂടാതെ എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി നടത്തിയത്. ഇതിനോടനുബന്ധമായി മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ ജനിറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.