First in Government Sector: SMA The patients underwent spine surgery

എസ്.എം.എ. രോഗികൾക്ക് ആശ്വാസം

സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാൻ ഇക്കഴിഞ്ഞ ജനുവരിയിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് സ്‌പൈൻ സ്‌കോളിയോസിസ് സർജറി നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സർജറിയാണ് മെഡിക്കൽ കോളേജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുത്തത്.

എസ്.എം.എ. ബാധിച്ച് കഴിഞ്ഞ പതിനൊന്നു വർഷമായി വീൽച്ചെയറിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി പതിനാല് വയസുകാരിയാണ് വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എട്ടുമണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിൽ നട്ടെല്ലിലെ കശേരുക്കളിൽ ടൈറ്റാനിയം നിർമിത റോഡുകളുൾപ്പെടെയുള്ളവ ഘടിപ്പിച്ച് നട്ടെല്ലിലെ വളവ് നേരെയാക്കി. പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു. ഓർത്തോപീഡിക്‌സ് വിഭാഗത്തിലേയും അനസ്‌തേഷ്യ വിഭാഗത്തിലേയും നഴ്‌സിംഗ് വിഭാഗത്തിലേയും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രം ചെയ്തിരുന്ന സർജറിയാണ് മെഡിക്കൽ കോളേജിലും യാഥാർത്ഥ്യമാക്കിയത്.

എസ്.എം.എ. രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര സർക്കാർ അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതുകൂടാതെയാണ് എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്‌പൈൻ സ്‌കോളിയോസിസ് സർജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.