Action plan to upgrade government hospitals to national quality

സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ പദ്ധതി. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനും അതിലൂടെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്), ലക്ഷ്യ സ്റ്റാൻഡേർഡ് എന്നിവ നേടിയെടുക്കുന്നതിനുമായി ആദ്യഘട്ടത്തിൽ 42 ആശുപത്രികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ 148 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്‌സ്, ഇൻപുട്‌സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കണ്ട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.