Cancer treatment in the state to modern levels

‘സെർവി സ്‌കാൻ’ കാൻസർ ചികിത്സാ രംഗത്തെ ആർസിസിയുടെ മികച്ച സംഭാവനയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗർഭാശയഗള കാൻസർ പ്രാരംഭ ദശയിൽത്തന്നെ നിർണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനാണ് സെർവി സ്‌കാൻ. കാൻസർ ചികിത്സാ രംഗത്ത് രാജ്യത്തിന്റെ നെടുംതൂണാണ് റീജിയണൽ കാൻസർ സെന്റർ. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായതയോടും ആശങ്കയോടും വേദനയോടും വരുന്നവർക്ക് മികച്ച ചികിത്സാ സേവനങ്ങൾ കരുതലോടെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആർസിസി പ്രവർത്തിച്ച് മുന്നേറുന്നത്. ഓട്ടോമേറ്റഡ് സെർവി സ്‌കാൻ, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റർ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ പ്രവർത്തനവും പേഷ്യന്റ് വെൽഫെയർ & സർവീസ് ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനവും ആറാം ബ്ലോക്കിന്റെ പ്രവർത്തനവുമാണ് ആർസിസിയെ ഉന്നത നിലവാരത്തിൽ എത്തിച്ചത്.

സംസ്ഥാനത്തെ കാൻസർ ചികിത്സ ആധുനിക തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. കാൻസർ ചികിത്സാ രംഗത്ത് വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ആർസിസിയിലേയും എംസിസിയിലേയും ഡിജിറ്റൽ പത്തോളജിയെ മികവിന്റെ കേന്ദ്രങ്ങളാക്കി. റോബോട്ടിക് സർജറി സംവിധാനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കാൻസർ രംഗത്തെ ഗവേഷണങ്ങൾക്കും സർക്കാർ പ്രാധാന്യം നൽകുന്നു. കാൻസർ ചികിത്സയ്ക്കും പ്രതിരോധത്തിനും സംസ്ഥാന സർക്കാർ കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നവകേരളം കർമ്മ പദ്ധതി രണ്ട്, ആർദ്രം മിഷനിലെ 10 പദ്ധതികളിൽ പ്രധാനമായ ഒന്ന് കാൻസർ ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്. കാൻസർ രജിസ്ട്രി സംവിധാനം ആരംഭിച്ചു. വാർഡ് തലത്തിൽ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി വാർഷിക ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി വരുന്നു. രോഗമുള്ളവർക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. 1.16 കോടി പേരെ സ്‌ക്രീൻ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ 7 ലക്ഷത്തിലധികം വ്യക്തികൾക്ക് കാൻസർ സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്തനാർബുദമാണ് സംശയിക്കുന്നത്. ഗർഭാശയഗള കാൻസറും സാധ്യതയും കൂടുതലാണ്. രോഗം കണ്ടെത്തുന്നവർക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. 14 ജില്ലകളിലും കാൻസർ ഗ്രിഡ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. കാൻസർ കെയർ പോളിസി നടപ്പിലാക്കി. ഇതിലൂടെ കാൻസർ പ്രാംരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി വാക്‌സിനേഷൻ പദ്ധതി ആവിഷ്‌ക്കരിച്ചിച്ചിട്ടുണ്ട്. വയനാട്, ആലപ്പുഴ ജില്ലകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രോഗങ്ങൾക്ക് മുമ്പിൽ നിസഹായരാകുന്നവരാണ് പലരും. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ മുടങ്ങരുത്. ആർസിസിയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും.