The aim is to make it a model family health centre

മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കുക ലക്ഷ്യം

തൃശൂർ ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേർന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനമായി . ആദിവാസി മേഖലയോട് ചേർന്ന് കിടക്കുന്ന വെറ്റിലപ്പാറയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. നൂൽപ്പുഴ മാതൃകയിൽ വിപുലമായ സൗകര്യങ്ങളൊരുക്കും.

പ്രസവത്തോടനുബന്ധിച്ചുള്ള പരിചരണത്തിനും ശുശ്രൂഷയ്ക്കും താമസത്തിനുമായുള്ള മെറ്റേണിറ്റി ഹബ്ബ്, പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യൂട്രീഷ്യൻ കേന്ദ്രം, ലഹരി വിമുക്തി ക്ലിനിക്, മാതൃകാ വയോജന പരിപാലന കേന്ദ്രം, മികച്ച എമർജൻസി കെയർ സൗകര്യം, കുടംബാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായുള്ള ജീവിതശൈലീ ക്ലിനിക്കുകൾ, ലാബ്, ആർദ്രം സേവനങ്ങൾ എന്നിവയുൾപ്പെടെ സജ്ജമാക്കിയാണ് വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കി മാറ്റുന്നത്. രോഗികൾക്ക് ആശുപത്രിയിൽ പേപ്പർ രഹിത സേവനം ഉറപ്പാക്കുന്നതിന് ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുന്നതാണ്. ഇതിലൂടെ ക്യൂ നിൽക്കാതെ ഓൺലൈനായി ഒപി ടിക്കറ്റും ടോക്കണും എടുക്കാൻ സാധിക്കുന്നതാണ്.

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആദിവാസികൾ, തോട്ടം തൊഴിലാളികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ മുഴുവൻ ജനങ്ങൾക്കും വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം ഏറെ സഹായകരമാകും. വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിരുന്നു. അതിന്റെ ഭാഗമായുള്ള കെട്ടിട നിർമ്മാണം പൂർത്തിയായി. പുതുതായി അനുവദിക്കുന്ന ഈ തുകയിലൂടെ വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാകുന്നതാണ്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ചികിത്സയ്ക്കായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ സാധിക്കും.