Attention and care should be ensured for every child experiencing difficulties

നമ്മുടെ സമൂഹത്തിൽ വിഷമതകൾ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം. വളരെ വിഷമതകൾ അനുഭവിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ പരിഗണിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് സ്വീകാര്യമാകുന്ന തരത്തിൽ അനുഭാവവും ശിശു സൗഹൃദവും ആയിരിക്കണം. ഇതിനായി സംസ്ഥാനത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായി വനിത ശിശു വികസന വകുപ്പ് കലൂർ ഐ.എം.എ ഹൗസിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈൽഡ് വെൽഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ നിന്നായി 90 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ബാലനീതി നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികൾ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കാര്യങ്ങൾ എന്നിവയിലായിരുന്നു പരിശീലനം.