വയറിളക്കം മൂലമുള്ള സങ്കീർണത ഇല്ലാതാക്കാൻ ഡയേറിയ നിയന്ത്രണ പക്ഷാചരണം ഡിസംബർ 1 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. പക്ഷാചരണത്തിന്റെ ഭാഗമായി ആശ പ്രവർത്തകർ അതാത് പ്രദേശത്തെ 5 വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഓരോ പാക്കറ്റ് ഒ.ആർ.എസ്. എത്തിക്കുകയും പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്യും. ആരോഗ്യ പ്രവർത്തകരും ആശ, അംഗണവാടി പ്രവർത്തകരും അമ്മമാർക്ക് കൗൺസിലിംഗ് നൽകുകയും 4 മുതൽ 6 വീടുകളിലെ 5 വയസിന് താഴെ പ്രായമുള്ള അമ്മമാരുടെ ഗ്രൂപ്പിന് ഒ.ആർ.എസ്. തയാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കി കുട്ടികളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പക്ഷാചരണം ലക്‌ഷ്യം വെക്കുന്നത്.
5 വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. കുഞ്ഞുങ്ങളിൽ വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ ആരംഭിക്കണം. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ഡോക്ടറുടെ നിർദേശാനുസരണം സിങ്കും നൽകേണ്ടതാണ്. സിങ്ക് നൽകുന്നത് ശരീരത്തിൽ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഒ.ആർ.എസ്., സിങ്ക് കോർണറുകൾ ഉറപ്പുവരുത്തും. കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സ്‌കൂൾ അസംബ്ലിയിൽ സന്ദേശം നൽകും, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കും, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കും തുടങ്ങി വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്ക രോഗങ്ങൾ തടയാൻ കഴിയും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. സാലഡുകൾ തയ്യാറാക്കുവാൻ ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.