Empower Adolescents Campaign by Vanitha Commission

കൗമാര-യുവാക്കൾക്കിടയിൽ ലിംഗാവബോധം ഉറപ്പുവരുത്തുന്നതിനും ലഹരിപോലുള്ള പ്രവണതകളിൽ നിന്നും പിന്തിരിപ്പിച്ച് ആരോഗ്യപൂർണമായ മനസും ശരീരവും രൂപപ്പെടുത്തിയെടുക്കാൻ പ്രാപ്തരാക്കുന്നതിനും പ്രണയപകപോലുള്ള പ്രവണതക്കെതിരെയും വനിത കമ്മീഷൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ‘കൗമാരം കരുത്താക്കൂ’.

സാമൂഹ്യജീവി എന്ന നിലയിൽ വളർന്നുവരാൻ ഉതകുന്ന മാനസികാവസ്ഥ ഓരോ പൗരനിലും രൂപപ്പെട്ടുവരുന്നത് കൗമാരകാലയളവിലാണ്. ഭാരതത്തിന്റെ ഭരണഘടന, ലിംഗസമത്വം, ഇന്ത്യൻ ശിക്ഷ നിയമം, ക്രിമിനൽ നടപടിച്ചട്ടം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ട പ്രായത്തിൽത്തന്നെ അവർക്കത് ലഭ്യമാക്കേണ്ടതുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമായ പശ്ചാത്തലത്തിലാണ് സംസ്ഥാനവ്യാപകമായി ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കൗമാരപ്രായക്കാരിൽ ലിംഗാവബോധം വളർത്തുക, അവരിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുക, ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും വളർത്തുക, കൗമാരകാലം തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിക്കാതെ പുരോഗമനപരമായ ചിന്തകളിലൂടെ ആരോഗ്യമുള്ള മനസിന്റെയും ശരീരത്തിന്റെയും ഉടമകളാക്കി മാറ്റുന്നതിനുതകുന്നവിധം അവരെ പാകപെടുത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യാമ്പയിനുള്ളത്.