റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ആരംഭിച്ചു
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിനായുള്ള റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് നടന്നു.
ശബരിമലയിലെ തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് സജ്ജമാക്കിയത്. നിലവിലെ ആംബുലൻസുകൾക്ക് അധികമായാണ് പുതിയ സംവിധാനങ്ങൾ. നെഞ്ചുവേദന ഉൾപ്പെടെയുള്ളവരെ എത്രയും പെട്ടന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കും.
ഭക്തർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ചികിത്സ ആവശ്യമായവർക്ക് ഇതേറെ സഹായിക്കും.
ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ആരോഗ്യ വകുപ്പ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്.