വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ‘വിവ കേരളം’ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കാമ്പയിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികം പേർക്ക് പരിശോധന നടത്തി. പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം.
ഇതുവരെ 3,00119 പേർക്കാണ് അനീമിയ പരിശോധന നടത്തിയത്. ഇതിൽ 8,189 പേർക്ക് ഗുരുതര അനീമിയ കണ്ടെത്തി. 69,521 പേർക്ക് സാരമായ അനീമിയയും 69,668 പേർക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പരിശോധന നടത്തിയത് കൊല്ലം ജില്ലയിലാണ്; 32,146 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. തിരുവനന്തപുരം ജില്ലയിൽ 28,533 പേരെയും ആലപ്പുഴ ജില്ലയിൽ 26,619 പേരെയും പരിശോധിച്ചു.
ഗുരുതര അനീമിയ കണ്ടെത്തിയവരുടെ പട്ടികയിൽ മുന്നിലുള്ളത് പാലക്കാട് ജില്ലയാണ്. ജില്ലയിൽ 1528 പേർക്കാണ് ഗുരുതര അനീമിയ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ 848 പേർക്കും വയനാട് ജില്ലയിൽ 753 പേർക്കും ഗുരുതര അനീമിയ കണ്ടെത്തി.
ഏറ്റവും കൂടുതൽ പേർക്ക് സാരമായ അനീമിയ കണ്ടെത്തിയതും പാലക്കാട് ജില്ലയിലാണ്; 7426 പേർ. തൊട്ടുപിന്നിൽ മലപ്പുറം, കൊല്ലം ജില്ലകളാണ്. മലപ്പുറത്ത് 7128 പേർക്കും കൊല്ലത്ത് 6253 പേർക്കും സാരമായ അനീമിയ കണ്ടെത്തി.
ഏറ്റവും കൂടുതൽ പേർക്ക് നേരിയ അനീമിയ സ്ഥിരീകരിച്ചത് കൊല്ലം ജില്ലയിലാണ്. 8,590 പേർ. ആലപ്പുഴയിൽ 6912 പേർക്കും തിരുവനന്തപുത്ത് 6176 പേർക്കും നേരിയ അനീമിയ കണ്ടെത്തി.
പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് ഗുരുതര അനീമിയുള്ളത് പാലക്കാടാണ്. പട്ടികജാതി വിഭാഗങ്ങളിൽ 161 പേർക്കും പട്ടികവർഗ്ഗ വിഭാഗങ്ങളിൽ 611 പേർക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു. പട്ടികജാതി വിഭാഗങ്ങളിൽ രണ്ടാമത് പത്തനംതിട്ട ജില്ലയും മൂന്നാമത് കൊല്ലം ജില്ലയുമാണ്. പത്തനംതിട്ടയിൽ 119 പേർക്കും കൊല്ലത്ത് 92 പേർക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.
കണ്ണൂർ ജില്ലയിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ 299 പേർക്കും കാസർഗോഡ് 222 പേർക്കും ഗുരുതര അനീമിയ സ്ഥിരീകരിച്ചു.
പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർക്ക് സാരമായ അനീമിയയും നേരിയ അനീമിയയും സ്ഥിരീകരിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയിൽ 957 പേർക്ക് സാരമായ അനീമിയയും 896 പേർക്ക് നേരിയ അനീമിയയും കണ്ടെത്തി. ഈ വിഭാഗത്തിൽ സാരമായ അനീമിയയിൽ രണ്ടാമത് പാലക്കാട് ജില്ലയും (777) മൂന്നാമത് കൊല്ലം ജില്ലയുമാണ്(722). കൊല്ലത്ത് പട്ടികജാതി വിഭാഗത്തിലെ 844 പേർക്കും തൃശ്ശൂരിൽ 516 പേർക്കും നേരിയ അനീമിയ സ്ഥിരീകരിച്ചു.
പട്ടികവർഗ്ഗ വിഭാഗത്തിൽ സാരമായ അനീമിയ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളത് വയനാട് ജില്ലയിലാണ്; 1957 പേർ. പാലക്കാട് 1670, കാസർഗോഡ് 1307 എന്നിങ്ങനെയാണ് പട്ടികവർഗ്ഗ വിഭത്തിലെ സാരമായ അനീമിയ ബാധിതരുടെ എണ്ണം.
പട്ടികവർഗ്ഗ വിഭാഗത്തിൽ വയനാട് ജില്ലയിലെ 1121 പേർക്കും കാസർഗോഡ് 982 പേർക്കും പാലക്കാട് 483 പേർക്കും നേരിയ അനിമിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 10,554,773 സ്ത്രീകളാണ് 15 മുതൽ 59 വയസ്സുവരെ പ്രായമുള്ളവരായി ഉള്ളത്. 1,60,807 പട്ടികജാതി പട്ടിക വർഗ വനിതകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
വിവ ക്യാമ്പയിന്റെ ഭാഗമായി സർക്കാർ ലാബുകളിൽ എത്തുന്നവർക്ക് സൗജന്യമായി ഹീമോഗ്ലോബിൻ പരിശോധന നടത്തും. പദ്ധതിയുടെ ഭാഗമായി നേരിയ അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ അവബോധം നൽകുകയും സാരമായ അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകുകയും ചെയ്യുന്നു. ഗുരുതര അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉൾപ്പെടെയുള്ള ചികിത്സയും നൽകും.
ഗ്രാമീണ, നഗര, ഗോത്രവർഗ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പാക്കി വരുന്നത്. ഹീമോഗ്ലോബിനോ മീറ്റർ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങൾ വഴിയുള്ള പരിശോധനകൾ വഴിയുമാണ് വിവ കേരളം കാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പ്രത്യേക ക്യാമ്പയിനും നടത്തി. 15 മുതൽ 18 വയസുവരെയുളള വിദ്യാർത്ഥിനികളെ ആർ.ബി.എസ്.കെ (രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം) നഴ്സുമാർ വഴി പദ്ധതിയിലൂടെ പരിശോധന നടത്തും.
അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് പ്രാഥമികാരോഗ്യ സബ് സെന്ററുകൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വഴി ശക്തമായ അവബോധം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.