Save Food Share Food Project to provide food to the needy without wasting food

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നു. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകാൻ സാധ്യതയുള്ള മേഖല കണ്ടെത്തി അത് പാഴാക്കാതെ ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സന്നദ്ധ സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സാഹായത്തോടെയാണ് സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതി നടപ്പാക്കുക.

ഭക്ഷണം നൽകാൻ സന്നദ്ധതയുള്ളവർക്ക് ദാദാവ് (Donor) ആയോ ഭക്ഷണം ആവശ്യമുള്ളവർക്ക് സ്വീകർത്താവ് (Beneficiary) ആയോ ഇവ വിതരണം ചെയ്യുന്നതിനോ മറ്റ് സഹായം ചെയ്യുന്നതിനോ തയ്യാറുള്ളവർക്ക് സന്നദ്ധർ (Volunteer) ആയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇവരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രവർത്തിക്കും. നിലവിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന നിരവധി സാമൂഹ്യ സംഘടനകളും സന്നദ്ധ സംഘടനകളും കേരളത്തിലുണ്ട്. അവരെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും.

ഹോട്ടലുകളിലും കല്ല്യാണ മണ്ഡപങ്ങളിലും മറ്റ് സത്ക്കാരങ്ങളുടെയും ഭാഗമായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് പദ്ധതിയിൽ നൽകാം. സന്നദ്ധ സംഘടനകൾക്കോ, സാമൂഹ്യ സംഘടനകൾക്കോ, വ്യക്തികൾക്കോ ഇത്തരം ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നതിന് ആവശ്യമായ വാഹനമോ സേവനമോ നൽകിയും ഇതിൽ പങ്കാളികളാകാം. ഭക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ, സംഘടനകൾക്കോ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഭക്ഷണം സ്വീകരിക്കുകയും ചെയ്യാം.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥാപനങ്ങളും എറണാകുളം, തൃശൂർ ജില്ലകളിൽ രണ്ട് സ്ഥാപനങ്ങളും, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോ സ്ഥാപനങ്ങൾ വീതവും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭക്ഷണ സാധനങ്ങൾ കേടായവ അല്ല എന്ന് ഉറപ്പ് വരുത്തുന്നതിനോടൊപ്പം പദ്ധതിയിൽ പങ്കാളികൾ ആകുന്നവർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനങ്ങളും രജിസ്ട്രേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറപ്പാക്കും. പാചകം ചെയ്ത ഭക്ഷണ സാധനം മാത്രമല്ല ഭക്ഷ്യ ഉത്പാദക സ്ഥാപനങ്ങളിൽ അധികമുള്ള ഭക്ഷണവും കേടായത് അല്ല എന്ന് ഉറപ്പാക്കി വാഹനങ്ങളിൽ ശേഖരിച്ച് വിതരണം നടത്തുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു.

വിവരങ്ങൾക്കും രജിസ്‌ട്രേഷനും savefoodsharefood.in.

ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഫോൺ നമ്പരുകൾ

തിരുവനന്തപുരം: 8943346181, കൊല്ലം: 8943346182, പത്തനംതിട്ട: 8943346183, ആലപ്പുഴ: 8943346184, കോട്ടയം: 8943346185, ഇടുക്കി: 8943346186, എറണാകുളം: 8943346187, തൃശൂർ: 8943346188, പാലക്കാട്: 8943346189, മലപ്പുറം: 8943346190, കോഴിക്കോട്: 8943346191, വയനാട്: 8943346192, കണ്ണൂർ: 8943346193, കാസറഗോഡ്: 8943346194.