ഫോർട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കും. ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായാണ് ഫോർട്ട് കൊച്ചിയിൽ പദ്ധതി നടപ്പിലാക്കുന്നത്. കോർപറേഷന്റേയും മറ്റ് വിഭാഗങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇവിടത്തെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകും. എല്ലാ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷനോ ലൈസൻസോ ഉറപ്പ് വരുത്തും. ജീവനക്കാർ ഹെൽത്ത് കാർഡ് ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.
പദ്ധതിയുടെ ആദ്യഘട്ടമായി ഫോർട്ട് കൊച്ചി മേഖലയിൽ വരുന്ന ഹോട്ടലുകൾ റെസ്റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യ സ്ഥാപനങ്ങളുടെ സർവേ നടത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണം, ടൂറിസം, പോലീസ്, ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. മൂന്നാഴ്ചയ്ക്കകം സർവേ നടത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച ശേഷം ഉന്നതതല യോഗം ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.