New buildings for Pulayanarkota, Kuttyadi hospitals: Rs 48 crore sanctioned

പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലും കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 47.93 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകി. ഇതിൽ 7.19 കോടി സംസ്ഥാന വിഹിതമാണ്. പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയ്ക്ക് 28.50 കോടി രൂപയും കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് 19.43 കോടി രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

തലസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ആശുപത്രി വികസനത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. 3 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ സെല്ലാർ ഫ്‌ളോറിൽ സിടി സ്‌കാൻ, എക്സ് റേ, ലബോറട്ടറി, അൾട്രാ സൗണ്ട് സ്‌കാൻ, സ്ലീപ്പ് ലാബ്, എച്ച്‌ഐവി ക്ലിനിക്ക്, മൈനർ പ്രൊസീസർ റൂം, പ്രീ ആന്റ് പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ, ടുബാക്കോ ക്ലിനിക്, പൾമണറി ജിം, ഗ്രൗണ്ട് ഫ്‌ളോറിൽ ഫാർമസി സ്റ്റോർ, ഔട്ട് പേഷ്യന്റ്സ് ട്രീറ്റ്മെന്റ് ഏരിയ, കാഷ്വാലിറ്റി, അലർജി ക്ലിനിക്ക്, ടിബി എംഡിആർ, സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, ഒബ്സർവേഷൻ വാർഡ്, ഒപി കൗണ്ടർ എന്നിവയും ഒന്നാം നിലയിൽ ക്ലാസ്‌റൂം, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാകും.

കുറ്റ്യാടി നിയോജക മണ്ഡലത്തിൽ കുന്നുമ്മൽ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല ഉൾപ്പെട്ട ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയമാണ്. സംസ്ഥാന പാതയോടു ചേർന്നുള്ള ആശുപത്രി ആയതിനാൽ അത്യാഹിത വിഭാഗം നവീകരിക്കുകയും ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിലൂടെ ഒട്ടേറെ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയുന്നുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 6 നിലകളുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്. ബേസ്‌മെന്റ് ഫ്‌ളോറിൽ പാർക്കിംഗ്, ഗ്രൗണ്ട് ഫ്‌ളോറിൽ മിനി കോൺഫറൻസ് ഹാൾ, ഡിജിറ്റൽ എക്‌സ്‌റേ, ലബോറട്ടറികൾ, വെയിറ്റിംഗ് ഏരിയ, ഒബ്‌സർവേഷൻ റൂം, നഴ്‌സസ് റൂം, ഡോക്ടർ റൂം, പാർക്കിംഗ് എന്നിവയും ഒന്നാം നിലയിൽ ലേബർ റൂം കോപ്ലക്‌സ്, രണ്ടും മൂന്നും നിലകളിൽ വിവിധ വാർഡുകൾ, നാലാമത്തെ നിലയിൽ ഓപ്പറേഷൻ തീയറ്റർ എന്നിവയുമാണുള്ളത്. നാല് ലിഫ്റ്റുകളാണ് സജ്ജമാക്കുന്നത്.