സമൂഹത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമെന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആഘോഷിക്കുന്നത്. ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒൻപത് പദ്ധതികൾ സാക്ഷാത്കരിച്ചു.
പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്സോ സർവൈവേഴ്സ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യതാ പഠന പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠന പ്രഖ്യാപനം, നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം, സിറ്റുവേഷണൽ അനാലിസിസ് ഓഫ് വിമൻ ഇൻ കേരള എന്ന വിഷയം സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം എന്നിവയാണ് പദ്ധതികൾ.