സംസ്ഥാന ആരോഗ്യ വകുപ്പിന് അർഹമായ കേന്ദ്ര വിഹിതമായ എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചു. കേന്ദ്രം നിർദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ഫണ്ട് തടഞ്ഞ് വച്ചിരിക്കുന്നത് എൻ.എച്ച്.എമ്മിന്റെ പല പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭ്യമാക്കിയത്. അതിനാൽ എത്രയും വേഗം ഫണ്ട് ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. കോവിഡ് അവലോകന യോഗത്തിലാണ്കേ ന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.

എൻഎച്ച്എം ഫണ്ടായി കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം 550.68 കോടിയും. എൻഎച്ച്എം പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന 409.05 കോടി രൂപയിൽ ക്യാഷ് ഗ്രാന്റായി 371.20 കോടി രൂപയാണ് ധനകാര്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ഈ തുക 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കൾ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതായത് 278.4 കോടി രൂപ കേന്ദ്രം കുടിശികയായി തരാനുണ്ട്. അതേസമയം സംസ്ഥാന വിഹിതം മുടക്കമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ ഇപ്പോൾ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻ.എച്ച്.എം. പദ്ധതികൾ മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധനകൾ, സൗജന്യ ചികിത്സകൾ, എൻഎച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്‌മെന്റ്, കനിവ് 108 ആംബുലൻസ് തുടങ്ങിയയെല്ലാം സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് നടത്തുന്നത്. ഇതുകൂടാതെ ബേൺസ് യൂണിറ്റുകൾ, സ്‌കിൽ സെന്റർ, ട്രോമകെയർ, മാനസികാരോഗ്യ പരിപാടി, മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ്, ഫാർമസി അപ്ഗ്രഡേഷൻ, ടെറിഷ്യറി കാൻസർ കെയർ സെന്റ്ർ, പാരമെഡിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിലായി 30 കോടിയോളം രൂപ കുടിശികയുണ്ട്.