കിഫ്ബിയിലൂടെ വലിയ വികസനം സാധ്യമാക്കി
ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു. സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലേക്ക് എത്തുന്നു. അതിനാല്‍ ആരോഗ്യ രംഗത്തിന്റെ വികസനം എന്നത് ഏറെ അത്യാവശ്യമായി മാറി.ഈ വികസനത്തിനു ആവശ്യമായ ശേഷി ഖജനാവിനില്ലാത്തതിനാല്‍ കിഫ്ബിയിലൂടെ പണം കണ്ടെത്തി. കിഫ്ബി വഴി 2021 ആയപ്പോയേക്കും ലക്ഷ്യം വച്ചതിനെക്കാള്‍ കൂടുതല്‍ നേട്ടം കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാള്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി സാധ്യമാക്കാനായി. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലങ്ങള്‍, വിവിധ വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പശ്ചാത്തല വികസനത്തിനും സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കുന്നതിനും കിഫ്ബി ഏറെ സഹായിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് പല വികസിത രാജ്യങ്ങളും മുട്ടുകുത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ രംഗം മികച്ചതായി നിന്നു. ഓക്‌സിജന്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങി പല സംവിധാനങ്ങളും ഒരുക്കിയിരുന്നു.
മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് സര്‍ക്കാര്‍ സവിശേഷ പ്രാധാന്യമാണ് നല്‍കുന്നത്. ഇടുക്കി മെഡിക്കല്‍ കോളേജിന് 100 എംബിബിഎസ് സീറ്റിന് അനുമതി ലഭ്യമായി. കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുന്നു. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം 24 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ആദ്യമായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്‌സ് ആരംഭിച്ചു. 4.16 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജനമാക്കുന്നു. സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സജ്ജമായി വരുന്നു. എമര്‍ജന്‍സി മെഡിസിന്‍ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോടു കൂടിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. സ്‌പെറ്റ് സിടി ആരംഭിക്കാന്‍ അനുമതി നല്‍കി. കേരളത്തില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാംഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണമാണ് നടക്കുക.