Orange the World Campaign

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ഒന്നിക്കാം; ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ ഡിസംബർ 10 വരെ നടത്തുന്ന ക്യാമ്പയിനാണ് ഓറഞ്ച് ദി വേൾഡ്. ഓറഞ്ച് നിറം അക്രമരഹിതമായ ശോഭനമായ ഭാവിയെ സൂചിപ്പിക്കുന്നു. Unite! activism to end the violence against women and girls എന്നതാണ് ഈ വർഷത്തെ ഓറഞ്ച് ദി വേൾഡ്ന്റെ തീം.

ജീവിത പങ്കാളിയിൽ നിന്നുളള പീഡനം, ശാരീരിക-മാനസിക – ലൈംഗീക അതിക്രമങ്ങൾ, മനുഷ്യക്കടത്ത്, പെൺഭ്രൂണഹത്യ തുടങ്ങി സ്ത്രീകൾക്കെതിരെയുണ്ടാകുന്ന എല്ലാ അതിക്രമങ്ങളും ദൂരവ്യാപകവും തുടർച്ചയായിട്ടുളളതും കടുത്ത മനുഷ്യാവകാശലംഘനവുമാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഇല്ലാതാക്കുന്ന ഇത്തരം അതിക്രമങ്ങൾ സ്വകാര്യ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കുന്നതുമൂലം അവരുടെ സമൂഹത്തിലെ സ്ഥാനവും, തുല്യപങ്കാളിത്തം നേടിയെടുക്കുന്നതിൽ വികസനത്തിനും തടസമാകുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. പരിഷ്കൃതരും വിദ്യാസമ്പന്നരുമായ കേരള സമൂഹത്തിൽ സ്ത്രീകൾ വിവിധതരം അതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ട്. സമൂഹത്തിൽ നിന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കെതിരെയുമുള്ള അക്രമങ്ങളും അനാചാരങ്ങളും പൂർണ്ണമായും തുടച്ചു മാറ്റേണ്ടതും സ്ത്രീകൾക്ക് തുല്യതയും ബഹുമാനവും കല്പിക്കേണ്ടത് ഓരോരുത്തരുടെയും കടമയും ധർമ്മവുമാണ്.

സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപദവി അസമത്വവും ദുരാചാരങ്ങളായ ശൈശവവിവാഹം, സ്ത്രീധനം എന്നിവയാണ്. പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമായ സ്ത്രീധനം, സ്ത്രീകൾക്കുനേരെ സമീപകാലങ്ങളിൽ വർധിച്ചുവരുന്ന അതിക്രമങ്ങളെതുടർന്നുണ്ടാകുന്ന മരണങ്ങൾ എന്നിവ സമൂഹത്തിൽ നിന്ന് പൂർണമായും തുടച്ചുമാറ്റപ്പെടേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുന്നു. സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ചും ലിംഗവിവേചനത്തെക്കുറിച്ചും വ്യാപക ബോധവത്ക്കരണ പരിപാടികൾ ജനങ്ങൾക്കിടയിൽ കാലങ്ങളായി സംഘടിപ്പിച്ചു പോരുന്നുണ്ട്.

അതിക്രമത്തിന് ഇരയാകുന്ന ആരും തന്നെ ഉണ്ടാകാൻ പാടില്ല എന്നുളള സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് ജനപ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ, കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ, യുവാക്കൾ,സാമൂഹ്യ പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ, പൊതുജനങ്ങൾ, ടി മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കൾ, സ്ത്രീ സംഘടനകൾ, തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുളള ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. പൊതുയിടങ്ങളിലുൾപ്പടെ ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യതയും ബഹുമാനവുമുള്ള ഒരിടമാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് സംസ്ഥാനത്ത് ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.