ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ: സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി

തിരുവനന്തപുരം: സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി പുറത്തിറക്കിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറും മൈ സ്റ്റാമ്പും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പോസ്റ്റല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ സിആര്‍ രാമകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡിന് കേരളം അര്‍ഹത നേടിയിരുന്നു. ഈ നേട്ടം ഓര്‍മിക്കുന്നതിനായാണ് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് ഡേയുടെ ഭാഗമായി സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറും സ്റ്റാമ്പും പുറത്തിറക്കിയത്.

ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, പോസ്റ്റ് ഓഫീസ് തിരുവനന്തപുരം സൗത്ത് ഡിവിഷന്‍ സുപ്രണ്ടന്റ് അജിത് കുര്യന്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഹരികുമാര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എച്ച്.ആര്‍. മാനേജര്‍ കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും (KASP), കാരുണ്യ ബെനവലന്റ് ഫണ്ടും (KBF) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA). പദ്ധതി വിജയകരമായി നടപ്പിലാക്കി 3 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.