ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ ലോക പ്രമേഹദിനം ആചരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന് ഗവേഷണത്തിൽ വലിയ പങ്ക് വഹിക്കാനാകും. ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും രോഗാതുരത കുറയ്ക്കുന്നതിന് ആവശ്യമായ ഗവേഷണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ജീവിതശൈലീ രോഗങ്ങൾ. സംസ്ഥാനത്തെ സംബന്ധിച്ച് സാമൂഹിക, വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെ നേടിയ നേട്ടങ്ങൾ നിലനിർത്തേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി ആർദ്രം ആരോഗ്യം കാമ്പയിൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. പ്രമേഹം, രക്താതിമർദം തുടങ്ങിയവയുള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്ക്രീനിംഗ് നടത്തി വരുന്നു. ഇതുവരെ ആകെ 1.49 കോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ രക്താതിമർദമുള്ള 16.21 ലക്ഷം പേരുടേയും പ്രമേഹമുള്ള 13.12 ലക്ഷം പേരുടേയും ഇതുരണ്ടുമുള്ള 6.15 ലക്ഷം പേരുടേയും വിവരങ്ങൾ ശേഖരിച്ച് പരിശോധനകളും തുടർ ചികിത്സയും ഉറപ്പാക്കി വരുന്നു.
രോഗതുരത കുറയ്ക്കുക വളരെ പ്രധാനമാണ്. രോഗമുണ്ടെങ്കിൽ രോഗ തീവ്രത വർധിക്കാതെ നോക്കാൻ കൃത്യയമായി മരുന്നുകൾ കഴിക്കേണ്ടതുണ്ട്. രോഗം വരാതെ നോക്കുകയും പ്രധാനമാണ്. വ്യായാമം, പ്രതിരോധം, ചികിത്സ എന്നിവ പ്രധാനമാണ്. ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാൻ ആരോഗ്യ വകുപ്പ് ഒട്ടനേകം പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.