Amoebic meningoencephalitis: Kerala with historical achievement

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം

ചികിത്സയിലുണ്ടായിരുന്ന 10 രോഗികളേയും ഡിസ്ചാർജ് ചെയ്തു

ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേർ, അതിൽ 14 പേരും കേരളത്തിൽ നിന്ന്

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് തുടർ ചികിത്സ ഉറപ്പാക്കിയത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. അതേ സമയം ഈ 10 പേർ ഉൾപ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാൻ കേരളത്തിന് കഴിഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആർ., ഐ.എ.വി., പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് തുടർ പ്രവർത്തനങ്ങൾ സ്വീകരിച്ചു.

ശിൽപശാലയിൽ പങ്കെടുത്തവർ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പോലുള്ള വളരെ അപൂർവമായ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തിൽ നിന്നും ബഹുഭൂരിപക്ഷം പേരെ രക്ഷിക്കാൻ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികൾ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷൻപ്ലാൻ രൂപീകരിക്കുന്നതാണ്.

കേരളത്തിൽ രോഗം സ്ഥിരീകരിച്ച എല്ലാവർക്കും അമീബ കാണാൻ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കൺട്രോൾ പഠനം നടത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.