The International Ayurvedic Research Institute will open new avenues in treatment and research

അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചികിത്സയിലും ഗവേഷണത്തിലും പുതിയ പാതകൾ തുറക്കും. സംസ്ഥാന സർക്കാറിന്റെ മുൻനിര പ്രോജക്ടുകളിൽ ഒന്നാണ് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. അതിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു. ഈ രംഗത്തെ പ്രഗത്ഭരായിട്ടുള്ള എല്ലാവരുടെയും ആശയങ്ങൾ സ്വാംശീകരിച്ചുകൊണ്ട് ഏറ്റവും നല്ല ഉദാത്തമായിട്ടുള്ള പ്രവർത്തനരേഖ ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

വർത്തമാനകാലത്ത് ആരോഗ്യ വെല്ലുവിളികൾ നേരിടുന്നതിന് ഒരു സംയോജിത സമീപനം ഉണ്ടാകണം. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതൽ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി അതിനെ കൂട്ടിച്ചേർത്ത് നല്ലൊരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തപ്പെട്ടത്.

നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായുള്ള ആശയവിനിമയത്തിൽ, ആയുർവേദ രംഗത്ത് കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ സമ്പന്നമായുള്ള ആയുർവേദ പാരമ്പര്യം, നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്വങ്ങൾ, സമ്പ്രദായങ്ങൾ, എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും തലമുറകൾക്കും വിവിധ സംസ്‌കാരങ്ങൾക്കും വിവിധ ഇടങ്ങൾക്കും പരിചയപ്പെടുത്താനുള്ള ഒരു ഇടമായി ഗവേഷണ കേന്ദ്രം മാറും.