എൻഡോസൾഫാൻ മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1,031 പേരെ കൂടി പങ്കെടുപ്പിക്കും
*ദുരിതബാധിതർക്കുള്ള ചികിത്സാ തുക കാസർകോട്
*വികസനപാക്കേജിൽപ്പെടുത്തി നൽകും – മുഖ്യമന്ത്രി
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1,031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തും.
2017 ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് 1,031 പേർ. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും. മെഡിക്കൽ ബോർഡ് ക്യാമ്പുകൾ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ പട്ടിക എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും.
20,808 പേരുടെ ഫീൽഡുതല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യ ഘട്ട ഫീൽഡ് പരിശോധന പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും മൂന്നാം ഘട്ട മെഡിക്കൽ ബോർഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂർത്തീകരിക്കും.
2011 ഒക്ടോബർ 25നു ശേഷം ജനിച്ച ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവും പരിപാലനവും നൽകാനും നിർദ്ദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ തുടരാൻ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിയിരുന്നു. അത് കാസർകോട് വികസന പാക്കേജിൽപ്പെടുത്തി നൽകും. ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീർക്കും. ഈ തുക നൽകാൻ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ തുക നൽകാനും തീരുമാനമായി.
മൂളിയാർ പുനരധിവാസ ഗ്രാമം പ്രവർത്തനമാരംഭിച്ചെങ്കിലും പൂർണ്ണ സജ്ജമായിട്ടില്ല. ദിവസം 30 പേർക്ക് പരിചരണം നൽകാനാവുന്ന ഇവിടെ തെറാപ്പിസ്റ്റുകളെ നിയമിക്കും. ജീവനക്കാരെ നിയമിക്കാനും പരിശീലനം നൽകാനും നിപ്മെറിനെ ചുമതലപ്പെടുത്തും.
10 ബഡ്സ് സ്കൂൾ ഏറ്റെടുത്ത് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററായി (എം.സി.ആർ.സി) ഉയർത്തിയിട്ടുണ്ട്. അതതു പഞ്ചായത്തിൽ പകൽ പരിപാലന കേന്ദ്രം ആരംഭിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചു.