ആരോഗ്യ സർവകലാശാല: സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിനു പുതിയ മന്ദിരം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിനു പുതിയ മന്ദിരം.
ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകർക്കും മാർഗനിർദേശങ്ങൾ നൽകുന്നതിലും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നത്. നൂതനവും ശാസ്ത്രീയവുമായ മാർഗങ്ങൾ ഉപയോഗിച്ച് ആരോഗ്യ പദ്ധതികൾക്ക് രൂപം നൽകുകയും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് ആരോഗ്യ സർവകലാശാലയുടെ അനുബന്ധ സ്ഥാപനമായി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായ നേതൃത്വം വഹിക്കാൻ സ്കൂളിന് സാധിച്ചു.
സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന് സ്വന്തം കെട്ടിടം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ ആവശ്യമായ സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജിനോട് ചേർന്ന് കേരള സർക്കാർ അനുവദിച്ചിരുന്നു. ഈ സ്ഥലത്താണ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 25.87 കോടിയുടെ കെട്ടിടമാണ് യാഥാർത്ഥ്യമാക്കുന്നത്.