ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കും. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി അടിയന്തരമായി ഹെൽത്ത് കാർഡ് നൽകേണ്ടതാണ്.
അതേസമയം ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഫെബ്രുവരി 15നകം ഹെൽത്ത് കാർഡ് ഹാജരാക്കുവാൻ നിർദേശം നൽകും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.
രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.
അതത് ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഫെബ്രുവരി ഒന്നു മുതൽ പരിശോധന നടത്തും. ഹെൽത്ത് ഇൻസ്‌പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകൾ നടത്തും. സ്ഥാപനങ്ങൾ കൂടാതെ മാർക്കറ്റുകൾ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതാണ്.
ഫെബ്രുവരി ഒന്നു മുതൽ ശക്തമായ ഇടപെടൽ
1. എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കണം.
2. ജീവനക്കാർ ഹെൽത്ത് കാർഡ് ഫെബ്രുവരി 15നകം ഉറപ്പാക്കണം.
3. സ്ഥാപനങ്ങൾ ശുചിതം പാലിക്കണം.
4. ഭക്ഷ്യ സുരക്ഷാ പരിശീലനം ഉറപ്പാക്കുക.
5. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിർബന്ധം.
6. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.
7. ആ സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്.
8. സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം.
9. ഷവർമ മാർഗനിർദേശം പാലിക്കുക.
10. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉപയോഗിക്കരുത്.
11. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം.
12. സ്ഥാപനത്തെ ഹൈജീൻ റേറ്റിംഗ് ആക്കുക.
13. ഓരോ സ്ഥാപനവും ശുചിത്വ മേൽനോട്ടത്തിനായി ജീവനക്കാരിൽ ഒരാളെ ചുമതലപ്പെടുത്തണം.
14. ഭക്ഷണത്തിൽ മായം ചേർക്കുക എന്നത് ക്രിമിനൽ കുറ്റം.
15. നിയമ തുടർ നടപടികൾ വേഗത്തിലാക്കാൻ നടപടി.
16. അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കാൻ കൃത്യമായ മാനദണ്ഡം.
17. ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കണ്ട് മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.
18. ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിർബന്ധം.
19. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യണം.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പ് സാങ്കേതിക അനുമതി ലഭിച്ചാലുടൻ ജനങ്ങളിലെത്തും. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
ആപ്ലിക്കേഷൻ ഫോറം : http://minister-health.kerala.gov.in/wp-content/uploads/2023/01/Health-Card.jpg