ആലപ്പുഴ മെഡിക്കൽ കോളേജിന് എം.ബി.ബി.എസ്. സീറ്റുകൾ നഷ്ടമാകില്ല. ഈ വർഷം 175 എം.ബി.ബി.എസ്. സീറ്റുകളിലും അഡ്മിഷൻ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ആൾ ഇന്ത്യാ ക്വാട്ട സീറ്റുകൾ എൻ.എം.സി. സീറ്റ് മെട്രിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷൻ സുഗമമാക്കാനുള്ള നടപടികളും സ്വികരിച്ചിട്ടുണ്ട്.
2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ എൻ.എം.സി. ഇൻസ്പെക്ഷൻ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകൾ, പഞ്ചിംഗ് മെഷീൻ, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകൾ പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ജൂൺ മൂന്നിന് കംപ്ലെയിൻസ് റിപ്പോർട്ടും ജൂലൈ പത്തിന് പഞ്ചിംഗ് മെഷീൻ ഉൾപ്പെടെയുള്ള കുറവുകൾ പരിഹരിച്ചുള്ള റിപ്പോർട്ടും എൻ.എം.സിയ്ക്ക് മെഡിക്കൽ കോളേജ് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നൽകിയ പ്രൊപ്പോസൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
പരിശോധനകളുടെ അടിസ്ഥാനത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളിൽ അഡ്മിഷൻ നടത്തുന്നത്. അതിനാൽ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലും ഈ വർഷത്തെ 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എൻ.എം.സി. അംഗീകാരം നൽകിയിട്ടുണ്ട്. പി.ജി. സീറ്റുകൾ നിലനിർത്താനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.