Palliative care workers

എല്ലാ കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പാക്കും

ഒരു വർഷത്തിനകം കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകും. നവകേരളം കർമ്മ പദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികൾക്കും കൃത്യമായ ഇടവേളകളിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും. വീടുകളിൽ മെഡിക്കൽ നഴ്‌സിങ് പരിചരണം നൽകുന്ന പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ രജിസ്‌ട്രേഷൻ ഏർപ്പെടുത്തും. നിലവിലെ മുഴുവൻ കിടപ്പ് രോഗികളുടെ വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കാനും അവർക്ക് പരിചരണം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വിവിധ ഏജൻസികൾക്കും രോഗികൾക്കും പൊതുജനത്തിനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പാലിയേറ്റീവ് കെയർ ഓൺലൈൻ പോർട്ടൽ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾക്ക് വേണ്ടി ക്വാളിറ്റി കൺട്രോൾ സംവിധാനം ആരംഭിക്കുന്നതാണ്. തൊഴിൽപരമായി പുനരധിവസിപ്പിക്കാൻ കഴിയുന്ന പാലിയേറ്റീവ് കെയർ രോഗികൾക്ക് വേണ്ടി സംസ്ഥാനതല പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതാണ്. ആശ വർക്കർമാർ വീടുകളിൽ ചെന്ന് ശൈലി ആപ്പ് മുഖേന ശേഖരിക്കുന്ന ജീവിതശൈലീ രോഗ നിർണയത്തിൽ കിടപ്പിലായവർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും സമഗ്ര പാലിയേറ്റീവ് പരിചരണം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് സ്‌കൂൾ, കോളേജ് തലങ്ങളിൽ പരിശീലനം നൽകും. മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ യൂണിറ്റും പാലിയേറ്റീവ് കോഴ്‌സുകളും ആരംഭിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. നഴ്‌സിംഗ് വിദ്യാഭ്യാസത്തിലും പാലിയേറ്റീവ് കെയറിന് പ്രാധാന്യം നൽകണം. ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് വിദഗ്ധ പരിശീലനം നൽകും.

സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ പോളിസി നടപ്പിലാക്കുന്നതിന് വേണ്ടി അരികെ എന്ന പേരിൽ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതി നടപ്പിലാക്കി വരുന്നു. കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമിക പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും കേന്ദ്രീകരിച്ച് വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മോഡേൺ മെഡിസിൻ, ഐഎസ്എം, ഹോമിയോ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സർക്കാർ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് പാലിയേറ്റീവ് കെയർ ആവശ്യമുള്ളവർക്ക് ഏറ്റവും മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.