100 crore additional government guarantee to Women Development Corporation

വനിതാ വികസന കോർപ്പറേഷന് 100 കോടിയുടെ അധിക സർക്കാർ ഗ്യാരന്റി

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്നു വായ്പ സ്വീകരിക്കുന്നതിനാണ് അധികമായി സർക്കാർ ഗ്യാരന്റി അനുവദിക്കുന്നത്. ഇതോടെ 845.56 കോടി രൂപയുടെ സർക്കാർ ഗ്യാരന്റിയാണ് കോർപ്പറേഷന് ലഭിക്കുന്നത്. ഇത് വനിത വികസന കോർപ്പറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാകും. ഇപ്പോൾ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാളും 4000 ഓളം സ്ത്രീകൾക്ക് അധികമായി മിതമായ നിരക്കിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

2021-22 സാമ്പത്തിക വർഷത്തിൽ 11,766 വനിതകൾക്ക് 165.05 കോടി രൂപ സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 7115 വനിതകൾക്ക് 109 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ വനിത വികസന കോർപറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണിത്.

കഴിഞ്ഞ മുപ്പത് വർഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻ നിർത്തി പ്രവർത്തിച്ചു വരുന്ന വനിത വികസന കോർപ്പറേഷൻ വിവിധ ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സംസ്ഥാന സർക്കാരിന്റെയും സ്വയം തൊഴിൽ വായ്പാ ചാനലൈസിംഗ് ഏജൻസിയാണ്. സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കാലങ്ങളായി സ്ഥാപനം നൽകി വരുന്നു.

ദേശീയ ധനകാര്യ കോർപ്പറേഷനുകളിൽ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 605.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോർപ്പറേഷന് അനുവദിച്ചു നൽകി. ഇതുകൂടാതെയാണ് 100 കോടിയുടെ അധിക ഗ്യാരന്റി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.