Strong efforts will be made to eradicate tuberculosis by 2025

മാനദണ്ഡങ്ങളനുസരിച്ച് 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനായി കൃത്യമായ ശാസ്ത്രീയമായ പരിപാടികളാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത് . താഴെത്തട്ട് മുതലും ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷയരോഗ നിവാരണത്തിൽ മരുന്ന് മാത്രമല്ല പോഷകാഹാരവും പ്രധാനമാണ്. സംസ്ഥാനത്ത് 2022ൽ രജിസ്റ്റർ ചെയ്ത രോഗികൾക്കായി 4.60 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ട്.

ക്ഷയരോഗാണുബാധ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും വളരെ കൃത്യമായ നയം വളരെ നേരത്തെ തന്നെ ആവിഷ്‌ക്കരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷനിലൂടെ വിഭാവനം ചെയ്തിരിക്കുന്ന 10 കാര്യങ്ങളിലൊന്ന് രോഗനിർമാർജനം. അതിലൊന്നാണ് ക്ഷയരോഗ നിവാരണം. ഇതിനായി വളരെ ഫലപ്രദമായ ഇടപെടലുകളാണ് നടത്തി വരുന്നത്.

കേരളം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ 2021ൽ വെങ്കലവും 2022ൽ വെള്ളിമെഡലും നേടിയിരുന്നു. ഈ കാലയളവിൽ മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നത് പ്രോത്സാഹനമാണ്. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ നിർണയവും ചികിത്സയും തികച്ചും സൗജന്യമാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ക്ഷയരോഗ നിവാരണം സാധ്യമാകും.