Hub and Spoke Model Lab Networks to Reality

ഹബ് ആന്റ് സ്‌പോക്ക് മോഡൽ ലാബ് നെറ്റുവർക്ക് യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാനത്ത് ഹബ്ബ് ആന്റ് സ്‌പോക്ക് മോഡൽ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമാകുന്നു. നവകേരളം കർമ്മ പദ്ധതി രണ്ട് ആർദ്രം മിഷന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിലൊന്നാണ് ഹബ്ബ് ആന്റ് സ്‌പോക്ക് മോഡൽ ലാബ് നെറ്റുവർക്കിങ്. പത്തനംതിട്ട, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകൾ വിജയകരമായി പൂർത്തീകരിച്ചു വരുന്നു. കണ്ണൂർ ജില്ലയിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകൾ ഉടൻ ആരംഭിക്കുന്നതാണ്. ഇത് പൂർണമായി യാഥാർത്ഥ്യമാകുന്നതോടെ സങ്കീണമായ ലാബ് പരിശോധനകൾ അധികദൂരം യാത്ര ചെയ്യാതെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളിൽ ലഭ്യമാകും.

പകർച്ച വ്യാധികൾ, പകർച്ചേതരവ്യാധികൾ, പുതിയതായി ആവിർഭവിക്കുന്ന സാംക്രമിക രോഗങ്ങൾ എന്നിവയുടെ നിർണയത്തിന് ഗുണ നിലവാരമുള്ള ലാബ് പരിശോധനാ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്. നിലവിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളിൽ നിശ്ചിത പരിശോധനകൾ സാർവത്രികമായി ചെയ്തുവരുന്നുണ്ടെങ്കിലും സങ്കീർണമായ പരിശോധനകൾക്ക് താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രികൾ, റഫറൽ ലാബുകൾ, സ്വകാര്യ ലാബുകൾ എന്നിവയെ ആശ്രയിക്കേണ്ടി വരുന്നു. ഈ സങ്കീർണ പരിശോധനകൾ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇത് പൂർണമായി സജ്ജമാകുന്നതോടെ സങ്കീർണ ലാബ് പരിശോധനകൾക്കായി തൊട്ടടുത്തുള്ള ആശുപത്രിയിൽ (സ്‌പോക്ക് ലാബ്) എത്തിയാൽ മതിയാകും. ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലങ്ങളിലുള്ള ഡയഗണോസ്റ്റിക് ഹബ് ലാബുകളിലേയ്ക്ക് എത്തിയ്ക്കുന്നു. പരിശോധനകൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് പരിശോധനാ ഫലം രോഗികളെ അറിയിക്കുന്നു. സീറോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, ഹോർമോൺ പരിശോധനകൾ, മൈക്രോബിയോളജി പരിശോധനകൾ, സർവയലൻസിന്റെ ഭാഗമായ സാമ്പിളുകൾ, അർബുദ രോഗനിർണയ പരിശോധനകൾ എന്നിവ ഇതിലൂടെ ലഭ്യമാകും.

സാമ്പിളുകൾ പരിശോധനാ ലാബുകളിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനം പ്രാദേശികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തന സജ്ജമാക്കുന്നത്. പരിശോധനാ സംവിധാനങ്ങൾ സമയബന്ധിതമായി രോഗികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കി വരുന്നു. ഹബ് ആൻഡ് സ്‌പോക്ക് സംവിധാനം വഴി പ്രാപ്യവും സമഗ്രവും ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ലാബ് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.