Kerala on oxygen self-sufficiency: 1953 MT of additional oxygen storage in the state

ഓക്സിജൻ സ്വയംപര്യാപ്തതയിൽ കേരളം : സംസ്ഥാനത്ത് 1953 മെട്രിക് ടൺ ഓക്‌സിജൻ അധിക സംഭരണം
കോവിഡ്, കോവിഡാനന്തര കാലഘട്ടത്തിലെ ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 1953.34 മെട്രിക് ടൺ ഓക്സിജന്റെ അധിക സംഭരണം. സർക്കാർ മേഖലയിൽ 4 ഓക്സിജൻ ജനറേറ്റർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 60 എണ്ണം പ്രവർത്തനസജ്ജമാണ്. ഒരെണ്ണത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലും. സർക്കാർ മേഖലയിലെ ഓക്സിജൻ ലഭ്യത 219.23 മെട്രിക് ടണ്ണിൽ നിന്നും 567.91 മെട്രിക് ടണ്ണായി ഉയർത്താൻ കഴിഞ്ഞു. മുമ്പ് 6000 ഡി ടൈപ്പ് ഓക്സിജൻ സിലിണ്ടറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 11,822 എണ്ണമാക്കി ഉയർത്തി. ലിക്വിഡ് ഓക്സിജൻ കപ്പാസിറ്റി 105 കെഎൽ ആയിരുന്നത് 283 കെ.എൽ. ആക്കി. ഓക്സിജൻ ജനറേറ്ററിലൂടെയുള്ള ഓക്സിജൻ ലഭ്യത 1250 എൽപിഎമ്മിൽ നിന്നും 2.34 മെട്രിക് ടൺ ആയിരുന്നത് വർധിപ്പിച്ച് 50,900 എൽപിഎമ്മിൽ നിന്നും 95.18 മെട്രിക് ടണ്ണാക്കാനും സാധിച്ചു.

കോവിഡ് കാലഘട്ടത്തിൽ ഓക്സിജൻ ലഭ്യതയുടെ പോരായ്മ ഇന്ത്യയിൽ പലയിടത്തും പ്രകടമായിരുന്നെങ്കിലും കേരളത്തിൽ ശക്തമായ ഇടപെടലുകളാണ് ആരോഗ്യവകുപ്പ് ഓക്സിജൻ ലഭ്യമാക്കുവാനായി നടത്തിയത്. ഇതിന്റെ പ്രകടമായ മാറ്റമാണ് ഇപ്പോൾ സർക്കാർ മേഖലയിലുൾപ്പടെയുണ്ടായ ഓക്സിജൻ അധിക സംഭരണം. എല്ലാ ആശുപത്രികളിലും കൃത്യമായ ഓക്സിജൻ ലഭ്യത ഉണ്ടെന്നു ഉറപ്പാക്കുവാനും വിപണിയിലുൾപ്പടെ ഓക്സിജൻ ലഭ്യത സുഗമമായി ലഭ്യമാക്കുവാനും ആരോഗ്യവകുപ്പിന്റെ ദീർഘവീക്ഷണ പ്രവർത്തനങ്ങൾ മൂലം സാധിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി കേരളത്തിന്റെ ആരോഗ്യമേഖല നടത്തിയ ശാസ്ത്രീയമായ പ്രവർത്തങ്ങൾ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.